ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേയും പരീക്ഷാ ക്രമക്കേടിലും കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും സുപ്രീംകോടതി റദ്ദാക്കി.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അക്രമം കാട്ടിയവർക്കെതിരേ നടപടിക്ക് അനുമതി
അതേസമയം, പ്രതിഷേധത്തിന്റെ മറവിൽ അക്രമങ്ങൾ ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 വ്യക്തികൾക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡൽഹി പൊലിസിന് സുപ്രീംകോടതി അനുമതി നൽകി.
കൂടാതെ, നീറ്റ് വിവാദത്തെത്തുടർന്ന് ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു മാസത്തിനുള്ളിൽ ദേശീയതലത്തിൽ സമഗ്രമായ നയം രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സമരക്കാർക്കു നേരത്തേ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചതോടെയാണ് കോടതി സമയം അനുവദിച്ചത്.
അഞ്ചിലെ പ്രതിഷേധപരിപാടി പിൻവലിച്ച് സിജെപി
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി വ്യക്തമാക്കി. സിജെപി വക്താവ് സൗരവ് ദാസ് ഇക്കാര്യം കോടതിയെ നേരിട്ടെത്തി അറിയിച്ചു. ഇരു വിഭാഗങ്ങളും പരസ്പരവിശ്വാസത്തോടെ മുന്നോട്ടു പോയാൽ ഏതു പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ മുമ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണു ശനിയാഴ്ച പ്രതിഷേധ റാലിക്ക് സിജെപി ആഹ്വാനം നൽകിയത്.
ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർഥിസമരം മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്നാണ് അവസാനിപ്പിച്ചത്. ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ ഡൽഹി പൊലിസ് നടത്തിയ വ്യാപക അതിക്രമത്തിൽ പ്രതിഷേധം ശക്തമായിരുന്നു. പൊലിസ് നടപടിക്കെതിരേ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ.സുഭാഷ് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷണം നടത്തിവരികയാണ്.